മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കെെയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ടെന്ന് കണ്ടെത്തി. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തൽ.
ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കലക്ടർക്ക് നൽകി. 50 സെന്റ് പുറമ്പോക്കു കെെയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല. ഈ സ്ഥലത്തിൽ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റേഷൻ നടന്നത്.