കോഴിക്കോട് വെള്ളയിൽ പൊലീസ് അപകടകരമായി പിന്തുടർന്നതിനെ തുടർന്ന് മത്സ്യത്തൊഴിലാളി കനാലിൽ വീണ് മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. അടുത്ത മാസം 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മക്കട പറമ്പത്ത് താഴത്ത് വീട്ടിൽ രജനീഷാണ് വെള്ളയിൽ പൊലീസ് അപകടകരമായി പിന്തുടർന്നതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് കനോലി കനാലിൽ വീണ് മരിച്ചത്. ജനുവരി 9 നായിരുന്നു സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് പുതിയങ്ങാടി വഴി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രജനീഷിനെ പൊലീസ് പിന്തുടർന്നതായി ഭാര്യ പ്രേമ സമർപ്പിച്ച പരാതിയിൽ പറയുന്നു.
രജനീഷ് കനാലിൽ വീഴുന്നത് കണ്ടിട്ടും പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും രക്ഷാപ്രവർത്തനം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു. ഒരു മണിക്കൂറിന് ശേഷം പുറത്തെടുക്കുമ്പോൾ രജനീഷ് മരിച്ചിരുന്നു. രജനീഷ് അബദ്ധത്തിൽ കനാലിൽ വീണതായി വരുത്തി തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു. രജനീഷിനെ പൊലീസ് പിന്തുടരുന്നത് പുതിയങ്ങാടി ബാങ്കിൻ്റെ സിസിടിവിയിൽ ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.