മലപ്പുറം മങ്കടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരെയാണ് നടപടി. മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയ എഎസ്ഐയെ നാട്ടുകാരാണ് തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിച്ചത്.
ഇന്നലെ രാത്രിയാണ് മലപ്പുറം വടക്കാങ്ങര കളാവിൽ പൊലീസ് വാഹനത്തിൽ എഎസ്ഐ അപകടമുണ്ടാക്കിയത്. മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിച്ച വാഹനം മറ്റൊരു ബൈക്കിനെയും ഇടിക്കാൻ ശ്രമിച്ചു. തുടർന്ന് നിർത്താതെ പോയ പൊലീസ് ജീപ്പ് നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. ഈ സമയം, മദ്യപിച്ചു ലക്കുകെട്ട് ബോധമില്ലാതെ വാഹനമോടിച്ച പൊലീസുകാരനെയാണ് നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാർ തന്നെയാണ് ജില്ലാ പൊലീസ് മേധാവിയെ വിളിച്ചു വിവരമറിയിച്ചത്. ഒടുവിൽ മങ്കടയിൽ നിന്ന് പൊലീസ് എത്തി ഗോപി മോഹനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ മദ്യപിച്ച് വണ്ടി ഓടിച്ചതിനും അപകടമുണ്ടാക്കിയത്തിനുമാണ് ഗോപി മോഹനെതിരെ പൊലീസ് കേസ് എടുത്തത്. വാർത്ത പുറത്ത് വന്നതോടെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഗോപി മോഹനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.