ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുളള എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം നിലമേൽ സംഭവത്തോടെ ഗവർണറുടെ സമനില തെറ്റിയെന്നാണ് തോന്നുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണർക്ക് പൊലീസ് സംരക്ഷണം നൽകുകയാണ് ചെയ്തത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും വി ശിവൻകുട്ടി വിമർശിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പെരുമാറിയാൽ എന്താണ് ചെയ്യേണ്ടതെന്നും വി ശിവൻകുട്ടി ചോദിച്ചു. ഗവർണർ തീരുമാനിച്ചുറപ്പിച്ച പോലെ ചെയ്യുന്നുവെന്നാണ് തോന്നുന്നത്. പ്രതിഷേധമൊക്കെ സാധാരണ നിലയിൽ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെയുണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
നല്ല ഒന്നാന്തരം നാടകമാണ് ഗവർണർ നടത്തുന്നതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ വിമർശിച്ചു. ഏതോ കേന്ദ്രത്തിൽ നിന്ന് തീരുമാനിച്ചുറപ്പിച്ച് നടത്തുന്ന നാടകമാണിതെന്നും ജനങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി ഗവർണർ-സർക്കാർ പോര്, ഗവർണർ റോഡിലിരിക്കുന്നു എന്നൊക്കെ പറഞ്ഞ് വാർത്തയാക്കുകയാണ്. രണ്ടു കൂട്ടരും തീരുമാനിച്ച ഒരു സ്ക്രിപ്റ്റിൽ മറ്റാരുടേയൊ സംവിധാനത്തിൽ നടന്ന നല്ല ഒന്നാന്തരം നാടകമാണിതെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ കൊല്ലം നിലമേൽവെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ചതിൽ ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്‌ക്ക് മുന്നിൽ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പോകുമ്പോൾ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തില്ലെന്നും ഗവർണർ പൊലീസുകാരോട് ചോദിച്ചു. ശേഷം പ്രതിഷേധക്കാർക്കെതിരെ എഫ്ഐഎർ രജിസ്റ്റർ ചെയ്ത്, പകർപ്പ് കെെയ്യിൽ കിട്ടിയ ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.