കാസര്‍കോട്: ബന്ധത്തില്‍ നിന്ന് പിന്മാറിയാല് പിതാവിനെ കൊല്ലുമെന്ന യുവാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൊഗ്രാല്‍ സ്വദേശിയായ യുവാവ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ബദിയടുക്ക സ്വദേശിയാണ് പെണ്‍കുട്ടി. ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ വിലക്കി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ യുവാവ് കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി.
ബന്ധത്തില്‍ നിന്നും പിന്മാറിയാല് പിതാവിനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. ഭയന്ന പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തേടി. നാലു ദിവസത്തിനു ശേഷം ഇന്നു രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.