തൃശൂര്‍: ഗുരുവായൂരിലെ ആനക്കൊട്ടയില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെയും കേശവന്‍ കുട്ടിയേയും പാപ്പാന്മാര്‍ അടിക്കുന്ന രംഗമാണ് പുറത്തുവന്നത്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ പാപ്പാന്മാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.
സംഭവത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. ആനക്കൊട്ടയില്‍ നടക്കുന്നത് ദേവസ്വം ബോര്‍ഡ് അറിയുന്നുണ്ടോ എന്നും ആര്‍ക്കൊക്കെ എതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.
വീഡിയോ പുറത്തു വന്നതിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ആനകളെ ഡോക്ടര്‍ വന്നു പരിശോധിച്ചു. രണ്ട് പാപ്പാന്മാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ അവിടെ നിന്നുള്ളതല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം.