കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടന സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം. സബ് കലക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉത്തരവിട്ടു. അനുമതിയില്ലാതെ സൂക്ഷിച്ച വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്.
തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതില്‍ പടക്കം ശേഖരിച്ചിരുന്നു. സ്ഫോടനത്തില്‍ പൊലീസ് അന്വേഷണവും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാന്‍ഡില്‍ അയച്ചിരിക്കുന്നത്. നാല് പേര്‍ക്കെതിരെയും നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്പലകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.