കണ്ണൂര്‍: കൊട്ടിയൂരില്‍ പന്നിയാംമലയില്‍ ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തത് ശ്വാസകോശത്തിലും വൃക്കയിലും ഉണ്ടായ അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആരോഗ്യനില മോശമായിരുന്നപ്പോള്‍ മയക്കുവെടി വെച്ചതാണ് മരണത്തിന് കാരണമാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുവെടി വെച്ച് പിടികൂടുമ്പോള്‍ തന്നെ കടുവ അവശനായിരുന്നു. കടുവയുടെ ദേഹത്തെ പരിക്കുകള്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനിടെ ഉണ്ടായതാകാമെന്നാണ് പറയുന്നത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് പരിശോധനയില്‍ കടുവയുടെ ഉളിപ്പല്ല് നഷ്ടമായതായി കണ്ടെത്തിയിരുന്നു.
10 വയസുള്ള ആണ്‍കടുവയാണ് ചത്തത്. ഇന്നലെ പുലര്‍ച്ചെയാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളി കണ്ടത്. മുന്‍ കാലുകളിലൊന്ന് കുരുങ്ങിയ നിലയില്‍ അലറുകയായിരുന്നു കടുവ. പിന്നീട് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കടുവയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു.