ഫെബ്രുവരി 17 മുതല്‍ 26 വരെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി വിപുലമായ സേവനങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്. രാവിലെ ഏഴ് മുതല്‍ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, അറ്റന്റര്‍ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും.
മെഡിക്കല്‍ ടീം, പബ്ലിക് ഹെല്‍ത്ത് ടീം, സാനിട്ടേഷന്‍ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവര്‍ത്തിക്കുക. രണ്ട് 108 ആംബുലന്‍സുകളുടെ മുഴുവന്‍ സമയ സേവനവും ലഭ്യമാകും.
ഇത്തവണ ഭക്തജനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുകയാണ് ആരോഗ്യവകുപ്പ്. അഡീഷണല്‍ ഡി.എം.ഒയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, വിവിധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.
കുത്തിയോട്ട വ്രതമനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് വൈദ്യസഹായത്തിനായി ഒരു സമയം രണ്ട് ശിശുരോഗ വിദഗ്ദ്ധര്‍, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫെബ്രുവരി 26ന് മണക്കാട് ക്ഷേത്രപരിസരത്തും മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
നഗര പരിധിയിലെ 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും.