Newsperseconds.com

പുല്‍പ്പള്ളിയില്‍ പ്രതിഷേധം അതിരു കടന്നു; വനംവകുപ്പ് ജീവനക്കാരുമായും പൊലീസുമായും പ്രതിഷേധക്കാര്‍ കയ്യേറ്റത്തിലേക്ക്

Capture

പുല്‍പ്പള്ളി: വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ പ്രതിഷേധം തുടരുന്നു. ജനങ്ങള്‍ വനംവകുപ്പിനെതിരെ ആളിക്കത്തുകയാണ്. പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് വീശുകയായിരുന്നു. സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം വനംവകുപ്പ് ജീവനക്കാരുടെ വാഹനത്തില്‍ പ്രതിഷേധക്കാര്‍ വച്ചുകെട്ടി. പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും കസേരയുമെറിഞ്ഞു. നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധം തണുപ്പിക്കാനും ചര്‍ച്ചയ്ക്കുമെത്തിയ എംഎല്‍എമാര്‍ക്കെതിരെ ജനക്കൂട്ടം കുപ്പിയെറിഞ്ഞു. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹര്‍ത്താല്‍ ദിനത്തില്‍ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

കാട്ടുനീതി നാട്ടില്‍ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതല്‍ ആളുകള്‍ സമരത്തില്‍ പങ്കുചേര്‍ന്നു. വനംവകുപ്പ് ജീവനക്കാരുമായും പൊലീസുമായും പ്രതിഷേധക്കാര്‍ കയ്യേറ്റത്തിലേക്ക് നീങ്ങുന്ന അവസ്ഥ വരെയുണ്ടായി. ശക്തമായി പ്രതിഷേധം തുടരുകയാണ്.

Share this Article

Leave a Comment