തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് രാത്രിയോടെയാണ് ഉത്സവത്തിന് കൊടിയേറുക. ഇന്ന് രാവിലെ ഏഴ് മണിയോടെ ആനയില്ലാ ശീവേലി ആരംഭിച്ചു. ഗുരുവായൂരിലെ ആനയില്ലാക്കാലത്തെ അനുസ്മരിച്ചാണ് ചടങ്ങ് നടത്തുന്നത്. വൈകിട്ട് മൂന്നിനാണ് ആനയോട്ടം. ഇത്തവണ പത്ത് ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കുക. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണന്‍, രവികൃഷ്ണന്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് ഓട്ടമാരംഭിക്കും. മഞ്ജുളാല്‍ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയാകും ജേതാവ്.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവചടങ്ങുകള്‍ക്കായുള്ള ഭക്തിനിര്‍ഭരമായ ആചാര്യവരണവും മുളയറയില്‍ മുളയിടല്‍ ചടങ്ങും നടക്കും. ശാന്തിയേറ്റ കീഴ്ശാന്തി ഗുരുവായൂരപ്പന്റെ സ്വര്‍ണ തിടമ്പ് കൈയിലെടുത്ത് നടന്നു മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഭക്തി സാന്ദ്രമായ ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവരും പങ്കെടുത്തു.
രാത്രി കുംഭത്തിലെ പൂയം നക്ഷത്രത്തില്‍ ധ്വജസ്തംഭത്തില്‍ ക്ഷേത്രം തന്ത്രി കൊടിയേറ്റുന്നതോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാകും. അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നീ ചടങ്ങ് നടക്കും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതല്‍ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. 29-നാണ് പള്ളിവേട്ട. മാര്‍ച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വര്‍ണക്കൊടി മരത്തിലെ സപ്തവര്‍ണക്കൊടി ഇറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും