തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്. വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിനാളുകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കും.
ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടാം. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കും. പൊങ്കാലയുടെ തലേദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ഈ സേവനങ്ങള്‍ ലഭ്യമാകും. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിനാണ് ഏകോപന ചുമതല.