തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് റെക്കോര്‍ഡാണ് മറികടന്നത്. 100ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം.
വേനല്‍ കടുത്തതോടെ വൈദ്യുതിയുടെ ഉപഭോഗവും കൂടുന്നതിനാല്‍ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നത് എന്നാണ് വിലയിരുത്തല്‍. ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നാണ് കെഎസ്ഇബിയുടെ നിഗമനം. നിലവില്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് ആറുകോടി രൂപയാണ് ഇതിനായി കെഎസ്ഇബി ചെലവഴിക്കുന്നത്.