മലപ്പുറം: പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ കസ്ററഡിയിലുണ്ടായിരുന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്റസ് വിന്‍സന്‍, ഷംസീര്‍ ടി പി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന് കുട്ടിയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് മരിച്ചത്.
പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് മൊയ്തീന്‍കുട്ടിയെ വിളിച്ചുവരുത്തിയത്. അവിടെ വച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീന് കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.