കൊച്ചി: ബസ് സ്‌റ്റോപ്പിലേക്ക് നടന്നു പോകുന്ന സ്ത്രീയെ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘം പിടിയില്‍. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ചെറായി ദേവസ്വം നടയ്ക്ക് വടക്കുഭാഗത്ത് വെച്ച് യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു മൂന്നംഗസംഘം.
ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന യുവതിയുടെ അടുത്ത് കാര്‍ നിര്‍ത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവാക്കള്‍ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതോടെ യുവതി ബഹളം വെച്ച് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. മൂവര്‍സംഘത്തെ നാട്ടുകാര്‍ പിടികൂടിയാണ് മുനമ്പം പൊലീസിന് കൈമാറിയത്. പിടിയിലായ അജ്മലിന് പരിക്കേറ്റിട്ടുണ്ട്.