തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ദമ്പതികളും യുവതിയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മരിച്ചു കഴിഞ്ഞാല്‍ പരലോകവും അവിടുത്തെ ജീവിതവും മനസ്സില്‍ കണ്ടാണ് മൂന്നു പേരും ആത്മഹത്യ ചെയ്തത്. മൂവരുടെയും കൈത്തണ്ടയിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരിച്ചത്. പല തരത്തിലുള്ള മുറിവുകള്‍ ശരീരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ നിന്നുള്ള ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ തോമസ് (35), ഭാര്യ ദേവി (35) എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ അധ്യാപികയും തിരുവനന്തപുരം സ്വദേശിയുമായ ആര്യ ബി നായര്‍ (29) ആണ് സുഹൃത്തായ യുവതി.
മാര്‍ച്ച് 28 നാണ് മൂന്ന് പേരും അരുണാചലിലെ ഹോട്ടലില്‍ എത്തിയത്. അന്നുമുതല്‍ മൂന്ന് പേരും ഒരു മുറിയാലാണ് താമസിച്ചത്. ഭാര്യ ദേവിയേയും സുഹൃത്തായ അധ്യാപികയേയും ബ്ലാക്ക് മാജിക്കിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണെന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏറെ നാളുകളായി മൂവരും മരണത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന ആര്യയുടെ ബന്ധുക്കള്‍ തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ കാണാനില്ലെന്ന പരാതി നല്‍കിയിരുന്നു.
ഫോണിലെ ഗൂഗിളില്‍ മാസങ്ങളായിട്ട് ഇവര്‍ സെര്‍ച്ച് ചെയ്തതെല്ലാം മരണാനന്തര ജീവിതത്തിന്റെ വീഡിയോകള്‍ ആയിരുന്നു. അതിനെ കുറിച്ചുള്ള ബ്ലാക്ക് മാജിക്കുകളില്‍ മൂവരും വിശ്വസിച്ചു. പിന്നീട് പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്നും മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു ചിന്തയെന്നുമാണ് പൊലീസ് പറയുന്നത്. ആര്യയ്ക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതി വെച്ചാണ് മരിച്ചത്. അരുണാചലിലെ ഹോട്ടലില്‍ എത്തിയ മൂവരും കുറച്ച് ദിവസം കറങ്ങി തിരിഞ്ഞതായി ഹോട്ടല്‍ അധികൃതരും പറഞ്ഞു. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും പതിഞ്ഞിട്ടില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. കണ്‍വന്‍ഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടില്‍നിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാര്‍ഗം അരുണാചലിലേക്കു പോകുകയായിരുന്നു
മാര്‍ച്ച് 31 വരെ മൂവരേയും ഹോട്ടല്‍ പരിസരത്ത് കണ്ട ഹോട്ടല്‍ അധികൃതര്‍ ഏപ്രില്‍ 1 ന് സമയം കഴിഞ്ഞിട്ടും ആരെയും പുറത്തേക്ക് കണ്ടില്ല. ഏപ്രില്‍ 2ന് രാവിലെ, ജീവനക്കാര്‍ ആദ്യം മുറിയിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് മുറിയിലെത്തി കതകിന് മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറുകയായിരുന്നു. മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മൂവരും മരിച്ചതെന്ന് പോലീസ് പറഞ്ഞു.