Newsperseconds.com

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും; അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചു; രാഹുല്‍ഗാന്ധി

Capture

വയനാട്: കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും ഭരണത്തില്‍ തിരിച്ചെത്തുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും രാഹുല്‍ഗാന്ധി വാക്കുനല്‍കി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലേക്ക് വരുമ്പോള്‍ തനിക്ക് വീട്ടിലേക്ക് വന്ന പ്രതീതിയാണ്. വയനാട്ടിലേക്ക് വരാതിരിക്കുന്ന സമയങ്ങളില്‍ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് ഞാന്‍ അമ്മയോട് പറയാറുണ്ട്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാന്‍ നിര്‍ബന്ധിക്കും. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വന്നാല്‍ നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ വന്‍ പ്രചരണ ജാഥയാണ് വയനാട് നടക്കുക. മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ അദ്ദേഹം റോഡ് ഷോ നടത്തുകയും അവിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശന വേളയില്‍ ഗാന്ധി മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തിയേക്കും. വൈകിട്ട് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള റാലിയെ അഭിസംബോധന ചെയ്യും. വയനാട്ടില്‍ നിന്ന് വീണ്ടും തെരഞ്ഞെടുപ്പു ഭാഗ്യം തേടിയിറങ്ങിയ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടാം തവണയാണ് മണ്ഡലത്തിലെത്തിയത്. ഈ മാസം ആദ്യം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചും വന്‍ റോഡ് ഷോ നടത്തിയും കോണ്‍ഗ്രസ് നേതാവ് വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.

Share this Article

Leave a Comment