Newsperseconds.com

പ്രചരണ നെട്ടോട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി; കാട്ടാക്കടയില്‍ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനം

Capture

തിരുവനന്തപുരം: കേരളത്തില്‍ പ്രചരണ പരിപാടികളില്‍ ഓടിനടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശ്ശൂരിലെ പരിപാടിക്ക് ശേഷം നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തുകയായിരുന്നു. മോദിയുടെ ഗ്യാരണ്ടി എന്ന് ആവര്‍ത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. വിഷുവിന്റെ നന്മയുള്ള ദിവസത്തിലാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയതെന്ന് മോദി പരാമര്‍ശിച്ചു.

മലയാളത്തില്‍ സ്വാഗതം പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. വേദിയില്‍ കണ്ട കുട്ടികള്‍ക്കും മോദി നമസ്‌കാരം പറഞ്ഞു. കേരളത്തില്‍ വലിയ വികസന പദ്ധതികള്‍ കൊണ്ട് വരുമെന്നും വിനോദ സഞ്ചാര രംഗത്തു പുത്തന്‍ വികസന പദ്ധതികള്‍ ഉണ്ടാക്കുമെന്നും മോദി പറഞ്ഞു. കൂടുതല്‍ ഹോം സ്റ്റേകള്‍ തുടങ്ങുകയും തീര വികസനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി.

അതേ സമയം, പ്രസംഗത്തിനിടെ കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. ഇവിടെ വലിയ ശത്രുക്കളായവര്‍ ദില്ലിയില്‍ സുഹൃത്തുക്കളാണ്. രണ്ട് കൂട്ടരും അഴിമതിക്കാരാണെന്നും കേരളീയര്‍ ഇത് കാണുന്നുണ്ടെന്നും മോദി പറഞ്ഞു. ഇന്ന് കേരളത്തില്‍ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു. രണ്ടു പേരും വികസന വിരോധികളെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്തും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും മാസപ്പടിയും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രസംഗത്തിനിടെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

Share this Article

Leave a Comment