കൊച്ചി: ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതി നോട്ടീസ്. ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളിയിലേക്ക് എത്തിയതോടെയാണ് പരിപാടി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം വന്നത്. ഒരു മത്സരാര്‍ത്ഥിയെ മറ്റൊരു മത്സരാര്‍ത്ഥി മുഖത്തടിച്ച പ്രശ്‌നത്തില്‍ പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. സംഭവത്തിനെതിരെ കേസെടുക്കണമെന്നും അറിയിച്ചിരുന്നു.
നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണമെന്നും പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.