തൃശൂര്‍: പൂരത്തിനിടെ പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വെടിക്കെട്ട് നടന്നത് മണിക്കൂറുകള്‍ക്ക് ശേഷം. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നത്. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ മണിക്കൂറുകള്‍ വൈകിയ ശേഷമാണ് വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങള്‍ സമ്മതിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് നടക്കേണ്ട പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടാണ് നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെ തുടങ്ങിയത.് ചരിത്രത്തില്‍ ആദ്യമായാണ് വെടിക്കെട്ട് മണിക്കൂറുകള്‍ നിര്‍ത്തി വെക്കുന്നത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെതന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെതന്നെ നടത്താനും തീരുമാനമായത്.
അതേ സമയം, പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി സംഘാടകര്‍ മടങ്ങി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി.