തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. നാളെ വൈകിട്ട് നടക്കുന്ന കൊട്ടിക്കലാശത്തോടെ എല്ലാ പ്രചരണങ്ങളും അവസാനിക്കും. വെള്ളിയാഴ്ചയാണ് കേരളം വിധി പറയാന്‍ പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. അവസാന നിമിഷത്തില്‍ ഓടിനടന്ന് പ്രചരണത്തില്‍ ഏര്‍പ്പെടുകയാണ് സ്ഥാനാര്‍ത്ഥികള്‍.
പ്രചരണത്തിനായി സംസ്ഥാനത്ത് ദേശീയ നേതാക്കളും അണി നിരന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. പൗരത്വ നിയമഭേദഗതിയില്‍ തുടങ്ങി പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തില്‍ എത്തി നില്‍ക്കുകയാണ് പ്രചരണം. വാക്ക് പോരുകളും വിവാദ വിഷയങ്ങളും നിറഞ്ഞ് നിന്ന് 2024 ലോക്‌സഭ പ്രചരണം എല്ലാ പാര്‍ട്ടിയും കൊഴുപ്പിച്ചിരിക്കുകയാണ്. സകല അടവുകളും പയറ്റിയാണ് പാര്‍ട്ടികളുടെ പ്രചരണം നടക്കുന്നത്.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്. കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.