കണ്ണൂര്‍: ഇപി ജയരാജനെതിരെയുള്ള ആരോപണത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമാണ് പിണറായി തന്റെ വീടിനടുത്തുള്ള പോളിങ്ങ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്.
ജയരാജനെതിരെയുള്ള ആരോപണം സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യം വെച്ചുള്ളതാണ്. ഇപി ജയരാജന്‍ എല്ലാവരോടും സൗഹൃദം സൂക്ഷിക്കുന്ന ആളാണ്. പണം കൊടുത്താല്‍ വാദങ്ങള്‍ നിരത്തുന്ന ജാവഡേക്കറിനെ പോലുള്ളവരെ സൂക്ഷിക്കണം. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും’ എന്നൊരു ചൊല്ലുണ്ട്. എന്നു പറയുന്നതു പോലെ ഇത്തരം ആളുകളോട് സ്‌നേഹബന്ധം സൂക്ഷിക്കുന്നത് അപകടമാണ്. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയാരനെതിരെ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ പ്രത്യേക ശക്തികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ട നേതാവാണ് അദ്ദേഹം. ഇപ്പോള്‍ ജയരാജനെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് അടുപ്പിച്ചുള്ള തെറ്റായ പ്രചാരണമാണ്. അതിനെ അങ്ങനെ മാത്രമേ കാണാനാകുവെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രം കുറിക്കുമെന്നതില്‍ സംശയമില്ല. പ്രതീക്ഷയേറെയാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. ഒരു മണ്ഡലത്തിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും നേടാനാവില്ല. ദേശീയ നേതാക്കളെ ഇറക്കി കളിച്ചിട്ടൊന്നും കാര്യമില്ല. ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.