തിരുവനന്തപുരം: ആകാംക്ഷയും ആവേശവും നിറഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കൂട്ടിയും കുറച്ചും മുന്നണികളുടെ വിലയിരുത്തല്‍ നടക്കുകയാണ്. പ്രവചനാതീതമായി പോളിങ് ശതമാനത്തില്‍ കുറവ് ഉണ്ടായെങ്കിലും അത് ബാധിക്കില്ലെന്നാണ് മുന്നണികളുടെ കണക്കുകൂട്ടല്‍. പലയിടത്തും രാത്രി 11 വരെ വോട്ടിങ് നീണ്ടുനിന്നു. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ ഏറെ വൈകിയും വോട്ട് ചെയ്തു. വോട്ടിങ് വൈകിയതിനെത്തുടര്‍ന്ന് പലയിടത്തും പ്രശ്നങ്ങളുണ്ടായി. ചില സ്ഥലങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായതിനാല്‍ ആളുകള്‍ ഏറെ നേരം കാത്തുനിന്ന് തിരിച്ച് മടങ്ങുകയായിരുന്നു.
2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞു. എങ്കിലും മുന്നണികള്‍ ഏറെ പ്രതീക്ഷയിലാണ്. ദേശീയനേതാക്കള്‍ അടക്കം ഇളക്കിമറിച്ചുള്ള പ്രചാരണമാണ് സംസ്ഥാനത്ത് ഇത്തവണ നടന്നത്. പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും, ശക്തമായ ത്രികോണമത്സരങ്ങളും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവില്‍ റെക്കോര്‍ഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കാലാവസ്ഥയും മറ്റൊരു വില്ലനായിരുന്നു. കനത്ത ചൂടില്‍ മണിക്കൂറുകളാണ് വോട്ടര്‍മാര്‍ ക്യൂവില്‍ കാത്തുനിന്നത്.
ഇനി മുന്നണികളുടെ കണക്കുകൂട്ടലിലേക്ക് കടക്കാം. ട്വന്റി 20യെന്ന അവകാശവാദവുമായി നടന്ന യുഡിഎഫ് ഇപ്പോള്‍ 16 സീറ്റുകള്‍ ഉറപ്പാണെന്നും ബാക്കി നാലെണ്ണത്തില്‍ സംശയവുമാണ് പ്രകടിപ്പിക്കുന്നത്. ആറ്റിങ്ങലും മാവേലിക്കരയും തൃശ്ശൂരും കണ്ണൂരും കടുത്ത മത്സരമാണ് നേരിട്ടതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. എങ്കിലും നാലിടത്തും നേരിയ മുന്‍തൂക്കമുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. എല്‍ഡിഎഫും വലിയ പ്രതീക്ഷയില്‍ തന്നെയാണ്. ആറിനും പത്തിനുമിടയില്‍ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് ഇടതു ക്യാമ്പിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ അനുകൂലമാണെന്നാണ് ഇടത് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍. പല മണ്ഡലങ്ങളിലും അത്തരം വോട്ടുകള്‍ യുഡിഎഫിനും ഇടതു മുന്നണിക്കുമായി വിഭജിച്ചു പോകുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്.
ബിജെപിയും വന്‍ പ്രതീക്ഷയിലാണ്. ഇത്തവണ കേരളത്തില്‍ അഞ്ചിലേറെ മണ്ഡലങ്ങളില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷ. വോട്ട് ഷെയര്‍ കുത്തനെ കൂട്ടാനാകുമെന്നും ബിജെപി ഉറച്ചു വിശ്വസിക്കുന്നു. തിരുവനന്തപുരത്തോ തൃശ്ശൂരോ ബിജെപി ജയിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നാണ് പാര്‍ട്ടിനോതൃം അറിയിച്ചത്. ആവേശവും പോരാട്ടവീര്യവും ഒട്ടും ചോരാതെയാണ് ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഇനിയുള്ള ദിവസങ്ങള്‍ കാത്തിരപ്പിന്റേതാണ്. ജൂണ്‍ നാലിനായുള്ള കാത്തിരിപ്പ് അത്ര വിദൂരമല്ല. ആര് വാഴും ആര് വീഴുമെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കേരളക്കര കാത്തിരിക്കുകയാണ്.