കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും.
ശ്യാംജിത്തുമായുള്ള പ്രണയം വിഷ്ണുപ്രിയ അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടില്‍ കയറി പ്രതി അരുംകൊല ചെയ്തത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത് ശ്യാംജിത്തിന്റെ വ്യക്തമായ പ്ലാനിങ്ങുകളോട് കൂടിയായിരുന്നു. ശ്യാംജിത്തുമായുള്ള പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയത് പ്രതിയെ ചൊടിപ്പിച്ചു. അതിനു ശേഷം വിഷ്ണുപ്രിയയെ എങ്ങനെയും കൊന്നൊടുക്കണം എന്നതായിരുന്നു ശ്യാംജിത്തിന്റെ തീരുമാനം. തുടര്‍ന്ന് സീരിയല്‍ കില്ലര്‍മാരുടെ കഥ പറയുന്ന കൊറിയന്‍ സിനിമകളില്‍ ആകൃഷ്ടനായി.
വിഷ്ണുപ്രിയയുടെ വീട്ടില്‍ ആരുമില്ലാത്ത നേരം നോക്കി ശ്യാംജിത്ത് സ്ഥലത്തെത്തുകയായിരുന്നു. പുറത്തെ ഗ്രില്‍ കുത്തിതുറന്നാണ് അകത്ത് കയറിയത്. ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളില്‍ പതിഞ്ഞിരുന്നു. ഈ 13 സെക്കന്റ് ദൃശ്യമാണ് കേസില്‍ നിര്‍ണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.