തിരുവനന്തപുരം: ഒപി ഡ്യൂട്ടിയിലുള്ള ഡോക്ടറെ തിരുവനന്തപുരം കലക്ടര്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി കുഴിനഖ ചികിത്സ നടത്തിയ സംഭവത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വ്യക്തത വേണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജാണ് കുഴിനഖ ചികിത്സക്കായി ഒപി ഡ്യൂട്ടിയിലുള്ള ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഒപി ചികിത്സ മാറ്റി വെച്ചാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്താന്‍ നിര്‍ബന്ധിതനായത്. കലക്ടറുടെ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും ഫ്യൂഡല്‍ മനോഭാവം നിറഞ്ഞതാണെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ ഉന്നയിച്ചിരുന്നു.
ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു രീതി ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല. വീണ്ടും വിളിച്ച് അധികാര ഭാവത്തില്‍ പറഞ്ഞതോടെയാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്. തിരക്കുള്ള ഒപിയില്‍ നിന്നാണ് കലക്ടറുടെ നിര്‍ബന്ധപ്രകാരം ഡോക്ടര്‍ക്ക് വീട്ടിലേക്ക് പോകേണ്ടി വന്നത്. ഡോക്ടര്‍ വീട്ടിലെത്തുമ്പോള്‍ കലക്ടര്‍ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കലക്ടറെ കണ്ടത്. കാലില്‍ കുഴിനഖത്തിന്റെ പ്രശ്‌നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടര്‍ന്ന് ചികിത്സ നല്‍കിയശേഷം ഡോക്ടര്‍ മടങ്ങുകയായിരുന്നു.