ഭരത് മമ്മൂട്ടിക്കെതിരെ നടക്കുന്ന വര്‍ഗ്ഗീയ വിദ്വേഷപ്രചാരണം മുന്‍കൂട്ടിയുള്ള പദ്ധതികളുടേയും രാഷ്ട്രീയ ഗൂഢാലോചനയുടേയും ഭാഗമാണെന്ന് സംശയിക്കുന്നതായി ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. പുഴു എന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ഒരു വിഭാഗം വിദ്വേഷ പ്രചാരണവും സൈബര്‍ ആക്രമണവും നടത്തിയത്. മമ്മൂട്ടിക്കെതിരെ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. നടനും ബിജെപി നേതാവുമായ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നടന്‍ മമ്മൂട്ടിയും ഗുരുവായൂരില്‍ പങ്കെടുത്തിരുന്നു. അന്നു മുതല്‍ മമ്മൂട്ടിക്കെതിരെ സിപിഎം സൈബര്‍ അക്രമണം തുടങ്ങിയിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം മമ്മൂട്ടിയെ മനപ്പൂര്‍വ്വം സമൂഹത്തിനു മുന്നില്‍ അപമാനിക്കാന്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനക്ക് ശേഷം നടന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിദ്വേഷ പ്രചരണമെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ഗുരുവായൂരില്‍ വെച്ച് നടന്ന സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തില്‍ മോദിക്കൊപ്പം പങ്കെടുത്തതും അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടതുമെല്ലാമാണ് മമ്മൂട്ടിക്ക് നേരെ ഇത്തരത്തിലൊരു ദുഷ്പ്രചരണം നടക്കാന്‍ കാരണമായതെന്നാണ് ആര്‍.പി.ഐ കരുതുന്നത്. ഭാരതത്തിന്റെ അഭിമാനമായ കേരളത്തിന്റെ പ്രിയപ്പെട്ട അതുല്യ പ്രതിഭയെ അപമാനിക്കാന്‍ ശ്രമിച്ചത് കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയോടെയാണെന്നും ആര്‍.സി രാജീവ്ദാസ് ഉന്നയിച്ചു. ഒരു മഹാനടനെ ഇത്തരത്തില്‍ സൈബര്‍ അക്രമണം നടത്തിയതും വിദ്വേഷ പ്രചരണങ്ങളാല്‍ മൂടിയതും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ‘ടര്‍ബോ’ എന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ റിലീസ് തടയുക എന്നത് കൂടിയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അക്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ഈ ഗൂഢാലോചന കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

എക്കാലത്തും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഭരത് മമ്മൂട്ടി. എല്ലാ തരം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്. ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യനായും നായരായും ബ്രാഹ്മണനായും ഉസ്താദായും രാഷ്ട്രീയനേതാക്കന്മാരുടെ വേഷമണിഞ്ഞും അഭിഭാഷകവേഷമണിഞ്ഞും അദ്ദേഹം സിനിമാലോകത്ത് വിസ്മയം തീര്‍ത്തിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയെയാണ് ജാതിയുടേയും മതത്തിന്റേയും പേര് പറഞ്ഞ് സൈബര്‍ അക്രമണം നടത്തുന്നതെന്ന് രാജീവ്ദാസ് ചൂണ്ടിക്കാട്ടി. 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ബോധത്തിലും അബോധത്തിലും ജാതിപേറുന്ന ഒരു സവര്‍ണ്ണന്റെ ജിവിതമാണ് ചിത്രത്തിലുടനീളം പറയുന്നത്. സിനിമ ഇറങ്ങി രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാദങ്ങള്‍ പൊട്ടിമുളക്കുന്നത്. നരേന്ദ്ര മോദിയുമായും എന്‍.ഡി.എ സര്‍ക്കാരുമായും മഹാനടനായ മമ്മൂട്ടി അടുത്ത് സഹകരിക്കാതിരിക്കാനുള്ള ഗൂഡ തന്ത്രമായി വേണം ഇപ്പോഴത്തെ വിവാദത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിവാദപരമായ ചര്‍ച്ച ഓപ്പണ്‍ ചെയ്ത വ്യക്തിയ്ക്ക് സംസ്ഥാനത്തെ പ്രമുഖ ഇടത് നേതാവുമായി അടുത്ത ബന്ധമാണുള്ളത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒന്നര മിനിറ്റ് മാത്രമുളള ലഘു പരാമര്‍ശമാണ് സൈബര്‍ ഗുണ്ടകള്‍ ചര്‍ച്ചയാക്കി വിവാദമാക്കിയിരിക്കുന്നത്. വിവാദത്തിന്റെ ചുവട് പിടിച്ച് അദേഹത്തിന്റെ സിനിമകളെയും മോശപ്പെടുത്താന്‍ നീക്കം നടക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു.
മമ്മൂട്ടി എന്ന മഹാനടനെ അപമാനിക്കാനും അദ്ദേഹത്തിന്റെ സിനിമകള്‍ കേരളത്തില്‍ ബഹിഷ്‌കരിക്കാനുമുള്ള തുറുപ്പ് ചീട്ടായിട്ടാണ് ഇത്തരം വില കുറഞ്ഞ വിവാദങ്ങളെ മലയാളി കാണുന്നത്. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഇതിനു പിന്നിലുള്ള സൈബര്‍ സഖാക്കളെ രംഗത്ത് കൊണ്ടു വരണമെന്നും അതിന് മലയാളികള്‍ ഒത്തൊരുമയോടെ ശക്തമായി പ്രതിഷേധിക്കണമെന്നും ആര്‍.പി.ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ് പറഞ്ഞു.