കോഴിക്കോട്: പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ കരിപ്പൂരില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ ഹജ്ജ് ക്യാമ്പിലെത്തിത്തുടങ്ങി. തീര്‍ത്ഥാടകരുടെ ആദ്യസംഘം തിങ്കളാഴ്ച പുറപ്പെട്ടു. ആകെ 498 ഹാജിമാരാണ് ആദ്യദിവസം കരിപ്പൂരില്‍ നിന്ന് യാത്ര പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ ക്യാമ്പിലെത്തി തുടങ്ങി. വിമാനത്താവളത്തിലെ എയര്‍ലൈന്‍ കൗണ്ടറില്‍ ലഗേജുകള്‍ കൈമാറിയ ശേഷമാണ് ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക ബസുകളില്‍ ക്യാമ്പിലെത്തിയത്. ജൂണ്‍ 9 വരെയുള്ള 20 ദിവസം കോഴിക്കോട് എംബാര്‍ക്കേഷനിലെ ഹജ്ജ് ക്യാമ്പ് തുടരും.
തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങളാണ് ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേ സമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ആകെ തീര്‍ത്ഥാടകരില്‍ 7279 പേര്‍ പുരുഷന്മാരും 10604 പേര്‍ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസ്സിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും. കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ വഴി 10430 പേരാണ് യാത്രയാവുക.
വിമാനത്താവളത്തിലെ എയര്‍ലൈന്‍ കൗണ്ടറില്‍ ലഗേജുകള്‍ കൈമാറിയ ശേഷമാണ് തീര്‍ത്ഥാടകര്‍ ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രത്യേക ബസുകളില്‍ ക്യാമ്പിലെത്തിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ഥന എന്നിവക്കായി പ്രത്യേക ഹാളുകളാണ് ഒരുക്കിയത്. തീര്‍ഥാടകര്‍ക്ക് യാത്രാരേഖകളും യാത്രാനിര്‍ദേശങ്ങളും ക്യാമ്പില്‍ വെച്ച് നല്‍കും. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങള്‍ക്കുമായി എയര്‍പോര്‍ട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയും പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്.