കോഴിക്കോട്: ഇന്ന് ഹജ്ജ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ട സ്ത്രീ തീര്‍ത്ഥാടകര്‍ക്കായുള്ള യാത്ര അയപ്പ് പരിപാടി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഏപി അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.കെ.പി മുത്തുകോയ ,ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വക്കറ്റ് മുഹമ്മദ് റീശാല ,ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് ഷാഹിദ്, ന്യൂനപക്ഷ മോര്‍ച്ച കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ്, ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ കരീം കുഞ്ഞാലിക്കുട്ടി, ബിജെപി മഹിളമോര്‍ച്ച സ്റ്റേറ്റ് അംഗം കമറുന്നിസ ,ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. ആകെ തീര്‍ത്ഥാടകരില്‍ 7279 പേര്‍ പുരുഷന്മാരും 10604 പേര്‍ സ്ത്രീകളുമാണ്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്. ലോകത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഹജ്ജിന് പോകുന്നവര്‍ ഇന്ത്യയിലാണ്. (3.5 ലക്ഷം) എന്നാല്‍, സ്വകര്യ ട്രാവല്‍ ഗ്രൂപ്പുകളുടെ ഹാജിമാരില്‍ നിന്ന് 7.5 ലക്ഷം മുതല്‍ വാങ്ങുന്നതിന്ന് യാതൊരു നീതികരണവുമില്ല. 200 ഹാജി മാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ കൂടുതല്‍ ഖാദിമുല്‍ ഹുജജാജ്മാരെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 300 ഹാജിമാര്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഹാജിമാര്‍ക്ക് ഇന്ത്യ ഒരുക്കിയ മെഡിക്കല്‍ സൗകര്യങ്ങള്‍ സൗദി സര്‍ക്കാറിന്റെ പ്രശംസ പിടിച്ചു പറ്റിയതാണ്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തുന്നത്.