Newsperseconds.com

പകല്‍ വീട്ടില്‍ ഉറക്കം, രാത്രി കറക്കം; അലഞ്ഞ് തിരിഞ്ഞ് മോഷണം; പെണ്‍സുഹൃത്തിനെ ഫോണ്‍ വിളിച്ചത് കേസില്‍ നിര്‍ണ്ണായകമായി; പത്ത് വയസ്സുകാരിയോട് ക്രൂരത കാണിച്ച പ്രതി സലീം അറസ്റ്റില്‍

Capture

കാസര്‍കോട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ കുടുക്കിയത് പോലീസിന്റെ പഴുതടച്ച അന്വേഷണം. കുടക് സ്വദേശി സലീമിനെ ആന്ധ്രയില്‍ നിന്നാണ് പോലിസ് പിടികൂടിയത്. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചതാണ് അന്വേഷണത്തിന് സഹായമായത്. തുടര്‍ന്ന് ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടുകയായിരുന്നു. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത പ്രതിയെ ട്രാക്ക് ചെയ്യാന്‍ പോലീസ് ആദ്യമൊന്ന് ബുദ്ധിമുട്ടി. എന്നാല്‍ കാഞ്ഞങ്ങാട് ഭാര്യയുള്ള ഇയാള്‍ക്ക് കുടകില്‍ പെണ്‍സുഹൃത്ത് ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ഈ കണ്ടെത്തലാണ് പോലീസിന് സഹായകമായത്. പെണ്‍സുഹൃത്തിനെ പോലീസ് കണ്ടെത്തിയത് സലീം അറിഞ്ഞില്ല. ഈ വീഴ്ചയാണ് അറസ്റ്റായി മാറിയത്.

സലീമിന് സ്വന്തമായി ഫോണില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഭാര്യയുടേയും അമ്മയുടേയും കുടകിലെ പെണ്‍സുഹൃത്തിന്റെയുമെല്ലാം ഫോണ്‍നമ്പര്‍ വാങ്ങി നിരീക്ഷിച്ചു. തുടര്‍ന്ന് വന്ന കോളിലൂടെയാണ് സലീമിനെ പോലീസ് പിടിച്ചത്. ഇയാളുടെ പേരില്‍ നിരവധി കേസുകളാണ് നിലവിലുള്ളത്. പിടിച്ചുപറിയും തട്ടിപ്പും മോഷണവുമായി നിരവധി കേസുകളാണ് കര്‍ണാടക സ്‌റ്റേഷനുകളിലുള്ളത്. പോക്‌സോ കേസിലും പ്രതിയാണ്. 15 വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട്ടെ യുവതിയെ കല്ല്യാണം കഴിച്ചത്. അതിനു ശേഷം കുടകിലും കാഞ്ഞങ്ങാടുമായാണ് താമസം. പകല്‍സമയത്ത് വീട്ടിലുണ്ടാകും. രാത്രിയാണ് പുറത്തിറങ്ങുക. തോട്ടില്‍ മീന്‍ പിടിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് പുറത്ത് പോകുന്നത്. കാഞ്ഞങ്ങാട്ട് ആയിരിക്കുമ്പോള്‍ ഭാര്യയുടെയും കുടകില്‍ വീട്ടില്‍ താമസിക്കുമ്പോള്‍ അമ്മയുടെയും ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. ഇതുമൂലം ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.

കുട്ടിയുടെ കമ്മലായിരുന്ന സലീമിന്റെ ലക്ഷ്യം. എന്നാല്‍, മോഷണത്തിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. ബഹളം വെച്ച കുട്ടിയെ കൊന്നുകളയും എന്ന് പ്രതി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിലെ അഡോണിയില്‍ നിന്നാണ് പ്രതി പിടിയിലായത്. മെയ് 15നാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. ബൈക്കില്‍ കറങ്ങി നടന്നാണ് പ്രതി കുറ്റകൃത്യം നടത്തുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും പോക്‌സോ കേസും ഇയാളുടെ പേരിലുണ്ട്.

Share this Article

Leave a Comment