Newsperseconds.com

തൃശ്ശൂരില്‍ കെ. മുരളീധരന്‍ എങ്ങനെ മൂന്നാമതെത്തി? കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയ കോളിളക്കം

Capture

തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലമാണ് തൃശ്ശൂര്‍. ഇത്തവണ തൃശ്ശൂര്‍ സുരേഷ്‌ഗോപി എടുക്കുമെന്നതില്‍ യാതൊരു വിധ സംശയവും പാര്‍ട്ടിക്ക് ഇല്ലായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളും സുരേഷ്‌ഗോപിക്ക് അനുകൂലമായിരുന്നു. ഏതെങ്കിലും തരത്തില്‍ അട്ടിമറി സംഭവിച്ചാല്‍ മാത്രമേ തോല്‍വി സംഭവിക്കുകയുള്ളു. അല്ലാത്ത പക്ഷം കേരളത്തില്‍ താമര വിരിയാന്‍ സാധ്യതയുള്ള മണ്ഡലം തൃശ്ശൂര്‍ തന്നെയാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രതീക്ഷിച്ചത് പോലെ തന്നെ തൃശ്ശൂരില്‍ ഇന്നലെ സംഭവിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി താമര വിരിഞ്ഞു. അതേ സമയം, കഴിഞ്ഞ തവണ മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസ് രണ്ടാം സ്ഥാനവും തള്ളി ഇക്കുറി മൂന്നാം സ്ഥാനത്തേക്കാണ് എത്തിയത്.

74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി -412338, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ് സുനില്‍കുമാര്‍ -337652, യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ – 328124 എന്നിങ്ങനെയാണ് വോട്ട് നില. കോണ്‍ഗ്രസിനുള്ളില്‍ ഏറെ ചര്‍ച്ചവിഷയമായിരിക്കുകയാണ് മുളീധരന്റെ ദയനീയ പരാജയം. അതിന് കാരണവും വേറൊന്നുമല്ല, കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ നേടിയത് 4,15,089 വോട്ടാണ്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്. ഇത്രയും വോട്ടിന്റെ കുറവിനേക്കാള്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചത് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സുരേഷ്‌ഗോപി ഒന്നാം സ്ഥാനത്തിലേക്ക് എത്തിയതാണ്. എവിടെയാണ് കോണ്‍ഗ്രസിന് പാളിച്ച സംഭവിച്ചതെന്ന് പഠിച്ച് കണ്ടെത്തേണ്ടി തന്നെ വരും.

തൃശ്ശൂരില്‍ സുരേഷ്‌ഗോപിയുടെ വിജയം കോണ്‍ഗ്രസിനുള്ളില്‍ വന്‍ രാഷ്ട്രീയ കോളിളക്കത്തിനാണ് വഴി ഒരുക്കിയത്. എന്നാല്‍ തൃശ്ശൂരില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ബിജെപി നടത്തിയത് എന്ന് വേണം പറയാന്‍. കോണ്‍ഗ്രസില്‍ നിന്ന് പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിച്ചാല്‍ അത് തൃശ്ശൂരില്‍ ഗുണം ചെയ്യുമെന്ന് ബിജെപിക്കറിയാമായിരുന്നു. സുരേഷ് ഗോപിയാണ് പത്മജയെ ബിജെപിയിലെത്തിക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതിന് പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മജ ബിജെപിയിലേക്ക് മാറിയതോടെ ഇതിനെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേരിടാമെന്ന കാഴ്ച്ചപ്പാടിലാണ് മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ തീരുമാനമായത്.
എന്നാല്‍, അപ്രതീക്ഷിതമായി വന്‍ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കം ശരിയാണെന്ന് വിലയിരുത്തപ്പെട്ടു. തൃശ്ശൂരിലെ തോല്‍വി പാര്‍ട്ടിയേയും അദ്ദേഹത്തേയും വലിയ രീതിയില്‍ തളര്‍ത്തിയിട്ടുണ്ട്. കരുണാകരനുമായി ഏറെ വൈകാരിക ബന്ധമുള്ള തൃശ്ശൂരില്‍ മകനായ മുരളീധരന് ജയിക്കാന്‍ പറ്റാത്തതും അദ്ദേഹത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

Share this Article

Leave a Comment