അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ നവജാതശിശു മരിച്ചു. ആശുപത്രിയിലെ അനാസ്ഥയാണ് മരണകാരണം എന്നാരോപിച്ച് ആശുപത്രിയില്‍ സംഘര്‍ഷം. ഏഴു ദിവസമായി തീവ്രപരിചരണവിഭാഗത്തിലേക്ക് കുഞ്ഞിനെ മാറ്റിയിട്ട്. അമ്പലപ്പുഴ വടക്ക് വൃക്ഷവിലാസം മനുവിന്റെയും സൗമ്യയുടെയും പെണ്‍കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ മാസം 28-നായിരുന്നു സൗമ്യ പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിനെ അണുബാധയുണ്ടെന്നറിയിച്ച് തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകള്‍ വാങ്ങിനല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. ഇത്രയുംദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. ബുധനാഴ്ച രാത്രിയാണ് കുഞ്ഞു മരിച്ചതായി അറിയിച്ചത്. രാത്രി പന്ത്രണ്ടോടെയാണ് മൃതദേഹവുമായി ബന്ധുക്കള്‍ പ്രസവമുറിക്കു മുന്‍പില്‍ പ്രതിഷേധം തുടങ്ങിയത്.
പ്രസവ സമയത്തുണ്ടായിരുന്ന ഡോക്ടറെത്തി വിശദീകരണം തരണമെന്നായിരുന്നു ആവശ്യം. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പുലര്‍ച്ചെ ഒന്നേകാലോടെ ആശുപത്രി സൂപ്രണ്ട് എത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.