തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തില്‍ നിന്നും നീതി കിട്ടുന്നില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണനം നടത്താമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിയില്‍ ന്യൂനപക്ഷമാണെങ്കില്‍ ഉടന്‍ എല്‍സി സെക്രട്ടറിയും എംഎല്‍എയുമാണ്. ഏതെങ്കിലുമൊരു പിന്നാക്ക ജാതിക്കാരന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. തെരഞ്ഞടുപ്പില്‍ കണ്ടത് പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളം കുന്നത്തുനാട് എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇടതുപക്ഷത്തിനെതിരെ വെള്ളാപ്പള്ളി തുറന്നടിച്ചത്.
ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തു നിന്നും നീതി കിട്ടുന്നില്ല. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടെ പ്രസാതവനക്ക് തൊട്ടു പിന്നാലെ ഹുസൈന്‍ മടവൂര്‍ നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ പദവി രാജിവെച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് രാജി. ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ നിലപാടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. വെള്ളാപ്പള്ളിയാണ് നവോത്ഥാന സമിതി ചെയര്‍മാന്‍. ന്യൂനപക്ഷം അവിഹിതമായി ഒന്നും നേടിയിട്ടില്ല. ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി തെളിവുകള്‍ നിരത്തട്ടെ. ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ലെങ്കില്‍ പരിശോധിക്കേണ്ടത് അവരാണ്. പ്രീണനം കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിട്ടില്ല. കേരള നവോത്ഥാന സമിതി ചെയര്‍മാനില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് പുറത്തുവന്നിട്ടുള്ളത്. പ്രസ്താവന അപക്വവും വാസ്തവ വിരുദ്ധവുമാണെന്ന് ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചു.
പിണറായി വിജയനെതിരെ വെള്ളാപ്പള്ളി വിമര്‍ശനങ്ങള്‍ അമ്പെയ്ത് വിടുന്നത് ഇത് ആദ്യമായല്ല. എന്നാല്‍ ഒരിക്കല്‍ പറഞ്ഞത് ഒരു ലജ്ജയുമില്ലാതെ ഞൊടിയിടയില്‍ മാറ്റി പറയാനും വെള്ളാപ്പള്ളിക്ക് കഴിയാറുണ്ട്. കൂടെ നില്‍ക്കുന്നവന്റെ കുതികാല്‍ വെട്ടുന്നത് അവസരവാദികളായ രാഷ്ട്രീയക്കാരുടെ ജനിതക സ്വഭാവമാണ്. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും ഇപ്പോഴാണ് കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായതെന്നും പറഞ്ഞ വെള്ളാപ്പള്ളിയാണ് ഇപ്പോള്‍ പരസ്യമായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചത്. ശത്രുക്കള്‍ക്ക് പോലും കുറ്റംപറയാനാകാത്താവിധം ഭരണപരമായ മികവാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് വാഴ്ത്തിപാടിയ വെള്ളാപ്പള്ളി ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്ത സഹായങ്ങളടക്കം മറന്നു കൊണ്ടാണ് പരസ്യപ്രസ്താവന നടത്തിയത്.