കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ കത്തിയെരിഞ്ഞവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി കേരളം. 24 മലയാളികള്‍ അടക്കം 45 ഇന്ത്യക്കാരാണ് ദാരുണ സംഭവത്തില്‍ മരണപ്പെട്ടത്. പ്രവാസിയെന്ന ടാഗ് ലൈന്‍ പേറി തങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും ഒളിക്കുന്നവരാണ് മിക്ക ഗള്‍ഫുകാരും. ഒരു പ്രവാസിയുടെ തിരിച്ചുവരവ് ആഗ്രഹിച്ചിരിക്കുന്ന ഒരോ കുടുംബത്തിനും ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഒരു വീടെന്ന സ്വപ്നം, മക്കളുടെ പഠനം, മകളുടെ വിവാഹം, തുടങ്ങി നിരവധി പ്രാരാബ്ധങ്ങള്‍ ചുമലിലേറിയാണ് ഓരോ പ്രവാസിയും ഗള്‍ഫ് ജീവിതം കഴിച്ചുകൂട്ടുന്നത്. ജോലി കഴിഞ്ഞു വന്ന് വീട്ടുകാരേയും പ്രിയപ്പെട്ടവരേയും ഫോണില്‍ വിളിച്ച് ഉറങ്ങാന്‍ കിടന്നവരാണ് പലരും. ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 31 പേര്‍ പുക ശ്വസിച്ച് മരിച്ചവരാണ്. അച്ഛനും മകനും ഭര്‍ത്താവും തുടങ്ങി ഓരോ വീട്ടിലെയും തുണയും നാഥനുമാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടത്.
ചേതനയറ്റ 23 മൃതദേഹങ്ങളാണ് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും തുടങ്ങി വന്നവരെല്ലാം ശ്വാസമടക്കിപ്പിടിച്ച് വിങ്ങിപ്പൊട്ടുകയായിരുന്നു. ബന്ധുക്കളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കനാവാതെ തളര്‍ന്നു പോയ നിമിഷം. 23 മൃതദേഹവും പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് പൊതുദര്‍ശനത്തിനു വെച്ചു. സഹായവാഗ്ദാനങ്ങളും നഷ്ടപരിഹാരവുമെല്ലാം വാക്കുകള്‍ നല്‍കുമ്പോഴും അതൊന്നും പരിഹാരമല്ലായിരുന്നു. സര്‍വ്വ സ്വപ്‌നങ്ങളും ബാക്കിവെച്ച് ജീവിതത്തിന്റെ പാതിവഴിയില്‍ അവരുടെ യാത്ര അവസാനിപ്പിച്ച് പോയെന്നുള്ള തിരിച്ചറിവില്‍ ബന്ധുക്കള്‍ പൊട്ടിക്കരയുകയായിരുന്നു. മകനേ എന്ന് വിളിച്ചുള്ള ഒരച്ഛന്റെ പൊട്ടിക്കരച്ചില്‍ കണ്ടുനിന്നവരുടെ കരളലിയിച്ച കാഴ്ച്ചയായിരുന്നു. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കാണാനായി വരാനിരുന്ന അച്ഛന്‍, മകളുടെ എംബിബിഎസ് പ്രവേശനത്തിനായി ലീവ് നോക്കിയിരുന്ന അച്ഛന്‍, പുതിയ വീട്ടിലേക്ക് താമസം മാറാനായി അവധിക്കായി കാത്തിരുന്ന യുവാവ്, രാത്രി അമ്മയോട് വിശേഷങ്ങള്‍ പറഞ്ഞ് കിടന്ന മകന്‍ തുടങ്ങി മരണപ്പെട്ടവരില്‍ ഓരോരുത്തര്‍ക്കും പറയാനുണ്ട് കാത്തിരിപ്പിന്റെയും സ്‌നേഹത്തിന്റെയും ഒരു കഥ. ആശ്വാസത്തിന്റെ വാക്കുകള്‍ തോറ്റുപോയ നിമിഷങ്ങള്‍ക്കായിരുന്നു ഇന്ന് നെടുമ്പോശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. ഒരു രാജ്യത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ ദുഖവെള്ളി മറക്കാന്‍ ഒരായുസിന്റെ സഹനം മതിയാവില്ല.