Newsperseconds.com

തിരുവനന്തപുരത്ത് യുവാവിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഉറ്റ സുഹൃത്ത് അറസ്റ്റില്‍; കൊല നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതിയുടെ മൊഴി

Untitled 1

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കഴുത്തറുത്ത് കാറില്‍ കൊന്നിട്ട സംഭവത്തില്‍ ഉറ്റ സുഹൃത്തായ അമ്പിളി എന്ന സജികുമാര്‍ അറസ്റ്റില്‍. നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമാണ് ആക്രി വ്യാപാരിയായ സജികുമാര്‍. പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ പണത്തെ കുറിച്ച് വ്യക്തമായ ഉത്തരം പോലീസിന് നല്‍കിയിട്ടില്ല. കൊലപാതകം ഒറ്റക്കാണ് നടത്തിയതെന്നാണ് അമ്പിളി മൊഴി നല്‍കിയത്. എന്നാല്‍ മധ്യവയസ്‌കനും ശാരീരികമായി അവശതകളുമുള്ള പ്രതിക്ക് ആരോഗ്യവാനായ ദീപുവിനെ ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ദീപുവിന്റെ സ്ഥിരം ഡ്രൈവറുടേയും ക്രഷര്‍ യൂണിറ്റിലെ അടുത്ത സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിരുന്നു. ഇതില്‍ നിന്നും ദീപുവും പ്രതി അമ്പിളിയും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു എന്നാണ് മനസ്സിലായത് എന്ന് പൊലീസ് സൂചിപ്പിച്ചു. അമ്പിളി വീട്ടുകാര്യങ്ങള്‍ക്കടക്കം ദീപു സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അമ്പിളി എന്ന സജികുമാര്‍ നേരത്തെ ഗുണ്ടാ നേതാവായിരുന്നു. പിന്നീട് ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഗുണ്ടാപ്പണി നിര്‍ത്തിയതാണ്. ദീപുവിന്റെ കയ്യിലുള്ള പണം മോഷ്ടിക്കാന്‍ വേണ്ടിയാണോ ഇത്തരത്തിലൊരു കുറ്റകൃത്യം അമ്പിളി ചെയ്തതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അമ്പിളിയുടെ കൂടെ മറ്റാരെങ്കിലും സഹായത്തിന് ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെയാണ് (44) ഇന്നലെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായിരുന്നു ദീപു. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തമിഴ്നാട് പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് കാര്‍ ശ്രദ്ധയില്‍പെട്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് പകുതിയോളം അറുത്ത നിലയിലാണ് കണ്ടെത്തിയത്.

ദീപുവിന്റെ തന്നെ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് സമീപമെത്തുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയോളമുണ്ടായിരുന്നു. ഇയാള്‍ക്കു തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്.

Share this Article

Leave a Comment