കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ് ഐ. കോളേജില്‍ ഹെല്പ് ഡെസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പേരിലാണ് പ്രിന്‍സിപ്പളിനെതിരെ എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണി മുഴക്കിയത്. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന് രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്നും അത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്ക് ഉണ്ടെന്നും നവതേജ് പറഞ്ഞു.
അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അധികാരികള്‍ക്ക് അറിയില്ലെങ്കില്‍ എസ്എഫ്ഐക്ക് അറിയാം. ഇപ്പോള്‍ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിന്‍സിപ്പലിനെ അടിച്ചു ആശുപത്രിയില്‍ ആക്കാന്‍ തീരുമാനിച്ചിട്ടില്ല അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ അതും ചെയ്യുമെന്നും നവതേജ് ഭീഷണിപ്പെടുത്തി.
എന്നാല്‍ ഹെല്പ് ഡസ്ക് സംഘര്‍ഷത്തില്‍ പുറത്ത് നിന്ന് എസ്എഫ്ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കര്‍ ആരോപിക്കുന്നത്. എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിന്റെ ചെവിയുടെ കര്‍ണപടത്തിന് അടിയേറ്റുവെന്ന് ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കിയിരുന്നു. ഇരുകൂട്ടരുടെയും പരാതിയില്‍ പ്രിന്‍സിപ്പലിന് എതിരെയും, കണ്ടാല്‍ അറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.