Newsperseconds.com

സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും; കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി

Capture

ആലപ്പുഴ: മാന്നാറില്‍ പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍. ഭര്‍ത്താവ് അനിലിനെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ട്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ടെന്നും എസ് പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കസ്റ്റഡിയിലുള്ളവരില്‍ ബന്ധുക്കളും അല്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ആരാണ് വിവരം നല്‍കിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി.

കലയെ കൊന്ന് കുഴിച്ചുമൂടിയതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ തുടരന്വേഷണം നടന്നിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കലയെ കാണാതായത്. പിന്നീട് ഭര്‍ത്താവ് അനില്‍ പിന്നീട് വിവാഹിതനാവുകയും വിദേശത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍, കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ അരിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതില്‍ വ്യക്തത വരുത്താനാകുവെന്നും എസ്പി പറഞ്ഞു.

Share this Article

Leave a Comment