മാന്നാറില്‍ കല എന്ന യുവതിയെ കാണാതായ കേസില്‍ വഴിത്തിരിവായത് പോലീസിന് ലഭിച്ച ഊമക്കത്ത്. രണ്ടാഴ്ച മുന്‍പായിരുന്നു പൊലീസ് കേസ് സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചത്. ബന്ധുക്കളില്‍ ഒരാളാണ് ഊമക്കത്തിലൂടെ കൊലപാതക വിവരം പുറത്തുവിട്ടത്. തുടര്‍ച്ചയായി പോലീസിന് രണ്ട് ഊമക്കത്തുകളാണ് ലഭിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയെ കാണാതായിട്ട് ഊമക്കത്തിലൂടെ നിര്‍ണ്ണായക തെളിവുകള്‍ ഇതാദ്യമായാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലയില്‍ പങ്കുള്ളവരുടെ പേരും കൊലപ്പെടുത്തിയ രീതിയും വളരെ കൃത്യമായി കത്തില്‍ വിശദീകരിച്ചിരുന്നു.
കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയാണ് ഊമക്കത്ത് അയച്ചിരിക്കുന്നതെന്നാണ് സംശയം. 15 വര്‍ഷം മുന്‍പാണ് കലയെന്ന യുവതിയെ കാണാതായത്. കലയെ കൊന്ന് വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ മറവ് ചെയ്‌തെന്നായിരുന്നു ലഭിച്ച വിവരം. സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. സംഭവത്തില്‍ കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.
അനില്‍കുമാര്‍ നിലവില്‍ ഇസ്രായേലിലാണ്. ഇയാളെ ഉടന്‍ നാട്ടിലെത്തിക്കും. കല മറ്റൊരാളുടെ കൂടെ പോയെന്നായിരുന്നു അനില്‍കുമാര്‍ കലയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. കലയെ കാണാതായി എന്ന് പറയുന്നതിന് രണ്ട് മാസത്തിന് ശേഷം അനില്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. കലയെ തുണി കഴുത്തില്‍ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് കസ്റ്റഡിയിലുള്ളവര്‍ മൊഴിനല്‍കിയത്.