Newsperseconds.com

കൂടോത്രം വയ്ക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പണി പാര്‍ട്ടിയില്‍ എടുത്താല്‍ നല്ല നേതാവാകാം; കോണ്‍ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്

Untitled 1

തിരുവനന്തപുരം: കൂടോത്ര വിവാദം കത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. യങ് ഇന്ത്യ യൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് അബിന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സംസാരിച്ചത്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ. കൂടോത്രം ചെയ്യുന്നവര്‍ ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പാര്‍ട്ടിയാണ് നമ്മുടേതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അബിന്‍ വിമര്‍ശിച്ചു.

കൂടോത്രം വയ്ക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പണി പാര്‍ട്ടിയില്‍ എടുത്താല്‍ നല്ല നേതാവാകാമെന്നും പറഞ്ഞു. കൂടോത്രം വെക്കുന്നതൊക്കെ എന്ത് പാടാണ്. ഉദാഹരണമായി ഞാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു കൂടോത്രം വെച്ചെന്നിരിക്കട്ടെ. ഞാന്‍ അദ്ദേഹത്തത്തിന്റെ നാളും, ജനന തിയ്യതിയും മറ്റുവിവരങ്ങളുമെടുത്ത് മന്ത്രവാദിയെ പോയി കാണണം. എന്നിട്ട് എനിക്ക് വേണ്ട രീതിയില്‍ ആ കൂടോത്രം ആക്കണം. അതിന് മന്ത്രവാദിക്ക് എന്താണെന്ന് വെച്ചാല്‍ കൊടുക്കണം. അത് അവിടെ നില്‍ക്കട്ടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ വേണ്ടിയുള്ള സാധനങ്ങള്‍ സുരക്ഷിതമായും രഹസ്യമായും രാഹുല്‍ മാങ്കൂട്ടം ഇല്ലാത്ത ദിവസം അയാളുടെ വീടിന്റെ മതില്‍ചാടി കടന്ന് കന്നിമൂല നോക്കി അവിടെ ചെന്ന് സിസിടിവി മാറ്റി കുഴിച്ചിടണം. അത് കുഴിച്ചിട്ട് ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ നശിക്കുന്നുണ്ടോ നശിക്കുന്നുണ്ടോയെന്ന് നോക്കി ഇരിക്കണം. രാഹുല്‍ എംപിയാണെങ്കില്‍ ഫ്ളൈറ്റില്‍ കയറി ഡല്‍ഹിയില്‍ എത്തിവേണം ഇത് ചെയ്യാന്‍. കെപിസിസി ഓഫീസിലാണെങ്കില്‍ സിസിടിവി മറച്ച് ഭാരവാഹികളുടെ കണ്ണുവെട്ടിച്ച് വേണം ഇത് ചെയ്യാന്‍. ഇത്രയും ചെയ്യുകയാണെങ്കില്‍ ഞാന്‍ രാഹുലിനെ മാറ്റി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്നും അബിന്‍ വിമര്‍ശിച്ചു. അബിന്റെ വാക്കുകള്‍ക്ക് കൂട്ടച്ചിരിയാണ് സദസ്സില്‍ ഉയര്‍ന്നത്.

Share this Article

Leave a Comment