കൊല്ലം: എസ്.എന്‍ ഡി.പി.യോഗം മുന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടരും ഐ.ജി.ഓഫ് രജിസ്റ്റാറില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദ് ചെയ്തു. വെള്ളാപ്പള്ളിയ്ക്ക് അനുകൂല നിലപാട് എടുത്ത ഐ.ജി.ഓഫ് റജിസ്റ്റാറുടെ ഉത്തരവ് റദ്ദ് ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് എസ്.എന്‍.ഡി.പി.യോഗം ഔദ്യോഗിക ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് പറഞ്ഞു. കൊല്ലത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി മുഹമ്മദ് നിയാസാണ് വിധി പ്രസ്താവിച്ചത്. ഇനി സര്‍ക്കാര്‍ നിലപാടും ഈ കേസില്‍ നിര്‍ണ്ണായകമാകും.
നീണ്ട കാലമായി യോഗ നേതൃത്വത്തില്‍ ഗുണ്ടായിസത്തിലൂടെ തുടരുന്ന വെള്ളാപ്പള്ളിയുടെ പ്രവൃത്തിയ്ക്ക് എതിരെ ഗുരുദേവന്‍ പുറപ്പെടുവിച്ച സ്റ്റേയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് പറഞ്ഞു. സ്ഥിരബുദ്ധി നഷ്ടപ്പെട്ട വെളളാപ്പളളിയ്ക്ക് വീണ്ടും എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തില്‍ എത്താന്‍ വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിയമ വിധേയമല്ലാത്ത ഉത്തരവ് ഐ.ജി ഓഫ് രജിസ്ട്രേഷനില്‍ നിന്നും നേടിയെടുത്തത്. 2013 മുതല്‍ കൃത്യമായ കണക്ക് പരിശോധന എസ് എന്‍ ഡി പിയില്‍ നടന്നില്ലെന്നതാണ് കേസിന് ആധാരം. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ഇത് അനിവാര്യതയാണ്. അല്ലാത്ത പക്ഷം ഡയറക്ടര്‍മാര്‍ അയോഗ്യരാകും. രജിസ്ട്രേഷന്‍ വകുപ്പ് യോഗത്തിന്റെ 2014 -2015 ,2015- 2016 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ നിയമപരമായി എസ്.എന്‍.ഡി.പി യോഗം ഒടുക്കേണ്ട തുക ഒടുക്കാതെയും പണം സ്വീകരിക്കാന്‍ ഐ.ജി. ഓഫ് റജിസ്റ്റാര്‍ തയ്യാറാക്കാതിരുന്നതില്‍ നിന്നും വ്യക്തമാണ് റജിസ്ട്രേഷന്‍ വകുപ്പിന്റെ ഉത്തരവ് നിയമവിധേയമല്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗം പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞതനുസരിച്ച് നോമിനേഷന്‍ നല്‍കി റിട്ടേണിങ്ങ് ഓഫീസര്‍ ക്വാളിഫൈഡാണെന്ന് പ്രഖ്യാപിച്ച എതിര്‍ പാനലിനെ തകര്‍ക്കാന്‍ വേണ്ടി റജിസ്ട്രേഷന്‍ ഐജി വെള്ളാപ്പള്ളിയുടെ സ്വാധീന വലയത്തില്‍പ്പെട്ടെന്ന് സംശയിക്കുന്നു. വെള്ളാപ്പളളിയ്ക്ക് വേണ്ടി ഒത്ത് കളിച്ചവരുടെ ആഗ്രഹത്തിന് കടയ്ക്കല്‍ കത്തി വെച്ച സ്റ്റേയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പ്രഖ്യാപിച്ചതെന്നും സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് വ്യക്തമാക്കി. 2013 മുതല്‍ കമ്പനി ആക്ട് അനുസരിച്ച് രജിസ്ട്രേഷന്‍ വകുപ്പില്‍ കണക്കുകള്‍ നല്‍കാതിരുന്നതിനാലാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ രജിസ്ട്രേഷന്‍ അസാധുവാകുകയും നിലവിലെ ഭരണ സമിതി ഡിസ്‌ക്വാളിഫൈഡ് ആയതും. അസാധുവായ രജിസ്ട്രേഷനും ഡിസ്‌ക്വാളിഫിക്കേഷന്‍സും സാധുവാക്കാന്‍ വേണ്ടിയാണ് നിയമ വിരുദ്ധമായി രജിസ്ട്രേഷന്‍ ഐ.ജി.സൃഷ്ടിച്ച ഉത്തരവ് സിംഗിള്‍ ബഞ്ച് തടഞ്ഞു സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമ വിധേയമല്ലാത്ത ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ തന്റെ പദവിയെ ദുര്‍വിനിയോഗം ചെയ്യുകയാണ് രജിസ്ട്രേഷന്‍ ഐ.ജി. ചെയ്തതെന്നും സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് പറഞ്ഞു.
എസ് എന്‍ ഡി പി യോഗവുമായി ബന്ധപ്പെട്ട ഈ കേസില്‍ രണ്ടു കൊല്ലത്തെ കണക്ക് പരിശോധിച്ച് ഒരു ഘട്ടത്തില്‍ വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും ആശ്വാസ നിലപാട് ഐജി ഓഫ് രജിസ്ട്രാര്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുന്നത്. അടുത്ത മാസം കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാരിനോടും മറ്റും കോടതി വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. ബിജെപി പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളാപ്പള്ളിയോട് പിണറായി സര്‍ക്കാരിന് അതൃപ്തിയുണ്ട്. ഇത് കോടതി നടപടികളില്‍ പ്രതിഫലിക്കും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എസ് എന്‍ ഡി പി യോഗത്തിലെ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കിയ വ്യക്തിയാണ് വിനോദ്. വെള്ളാപ്പള്ളിയും കൂട്ടരും നിയമ പോരാട്ടത്തില്‍ അയോഗ്യരാണെന്ന് കണ്ടെത്തിയാല്‍ വിനോദിന് ജനറല്‍ സെക്രട്ടറിയായി എത്താനാകും. ഡിന്‍ നമ്പറില്ലെന്ന വാദവും വെള്ളാപ്പള്ളിക്കെതിരെ വിനോദും കൂട്ടരും ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസും കോടതി പരിഗണനയിലാണ്. അവിടേയും ഐ.ജി.ഓഫ് റജിസ്റ്റാറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നിര്‍ണ്ണായകമാകും.
എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് സമര്‍പ്പിച്ച കേസിലാണ് ഐ.ജി ഓഫ് റജിസ്റ്റാറുടെ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദിന് വേണ്ടി അഡ്വ: രാംകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷനെയും സ്റ്റേ ചെയ്ത് സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് നേടിയിരുന്നു. സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് ജനറല്‍ സെക്രട്ടറി ആയി മത്സരിക്കുന്ന പാനലില്‍ ഡി. രാജീവ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, അരുണ്‍ മയ്യനാട് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, മിഥുന്‍ സാഗര്‍ ദേവസ്വം സെക്രട്ടറി സ്ഥാനാര്‍ത്ഥി എന്നിവരാണ് മത്സര രംഗത്തുള്ളത്.