ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്രവര്‍ത്തനമാരംഭിച്ചു. ഇത് സംബന്ധിച്ചു കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച രണ്ടു ദിവസത്തെ സാങ്കേതിക ശില്‍പ്പശാല സമാപിച്ചു. അതതു പ്രദേശങ്ങളിലെ സവിശേഷതകള്‍ക്ക് അനുസരിച്ചുള്ള പ്രായോഗിക പദ്ധതികളാണ് ശില്‍പ്പശാലയില്‍ അവതരിപ്പിച്ചത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാകും എല്ലാ ജില്ലകളിലും നടപ്പാക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപങ്കാളിത്തം ഉറപ്പാക്കിയാവും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൃഷി, മണ്ണ് ജലസംരക്ഷണം, ജലസേചനം, ഭൂജലം, എം ജി എന്‍ ആര്‍ ജി എസ്, ഹരിതകേരളം മിഷന്‍, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപിപ്പിച്ചുള്ള ജല സംരക്ഷണ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നീര്‍ത്തടാധിഷ്ഠിത വികസനത്തിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 15 ബ്ലോക്കുകളിലെ 94 ഗ്രാമ പഞ്ചായത്തുകളില്‍ ജലബജറ്റും തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ പ്രാദേശിക അടിസ്ഥാനത്തിലുള്ള ജലവിഭവ- ജലവിനിയോഗത്തെ അടിസ്ഥാനമാക്കിയുള്ള ഫലപ്രദമായ നിര്‍വഹണവും പഞ്ചായത്തുതല സാങ്കേതിക സമിതിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കും.