മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവായിരുന്നു. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായിരുന്നു. പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണ ഏര്‍പ്പെടുത്തി. ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും സമ്പര്‍ക്കത്തിലുള്ളവരെ രക്തസാമ്പിളുകള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു.
ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വിളിച്ചു പറഞ്ഞതെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ജാഗ്രത നടപടികള്‍ സ്വീകരിച്ചുവെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക 30 റൂമുകള്‍ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.