Newsperseconds.com

ദുരന്തഭൂമിയില്‍ അടിപതറാതെ രക്ഷകന്‍; ആരാണ് രഞ്ജിത് ഇസ്രയേല്‍?

Ranjith

കര്‍ണ്ണാടക ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ എന്ന മലയാളി യുവാവിനെ കണ്ടെത്താന്‍ ഓടിനടക്കുന്ന രഞ്ജിത്ത് ഇസ്രയേല്‍ ആരാണ്? ജനഹൃദയങ്ങളില്‍ ഇടം നേടിയ ധീരനായ ഈ യുവാവിനെ കുറിച്ചോര്‍ക്കുമ്പോള്‍ കേരളത്തിനാകെ അഭിമാനമാണ്. അര്‍ജുനെ കണ്ടെത്താന്‍ സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് എത്തി ദിവസങ്ങളായി കുതിര്‍ന്ന മണ്ണില്‍ അടിപതറാതെ തിരച്ചില്‍ നടത്തുന്നു. കാറ്റിലും മഴയിലും മനോധൈര്യം കൈവിടാതെ തന്റേതായ കണ്ടെത്തലിലും തീരുമാനത്തിലും ഉറച്ച് നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ദുഷ്‌കരമായ ഈ സാഹചര്യത്തില്‍ പ്രതീക്ഷയുടെ കിരണങ്ങളാണ് രഞ്ജിത്ത് നല്‍കുന്നത്. ആരൊക്കെ എതിര്‍ത്താലും പിന്മാറിയാലും രഞ്ജിത്തിന് തന്റെ ദൗത്യം നിര്‍ത്തി വെക്കാനാവില്ല. ദുരന്തഭൂമികളില്‍ രക്ഷകനായെത്തുന്ന രഞ്ജിത് ഇസ്രയേല്‍ തന്റെ അസാധാരണമായ ധൈര്യവും സേവനബോധവും കൊണ്ട് എല്ലാവരേയും വിസമയിപ്പിക്കുകയാണ്. തിരച്ചില്‍ ഊര്‍ജിതമായത് രഞ്ജിത്തിന്റെ വരവോട് കൂടിയാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്ത രഞ്ജിത്തിന്റെ ബുദ്ധിയും കരുതലുമെല്ലാം തിരച്ചിലിന് ആക്കം കൂട്ടി.

ആരാണ് രഞ്ജിത്ത് ഇസ്രയേല്‍?

സൈന്യത്തില്‍ ചേരാന്‍ അതിയായി ആഗ്രഹിച്ച മലയാളി യുവാവ്. പ്രായപരിധി കാരണം അവസരം നഷ്ടപ്പെട്ടപ്പോള്‍ സൈനിക സ്വപ്‌നങ്ങള്‍ തലച്ചോറിനെ ബാധിച്ചു. പിന്നീട് അസുഖം മാറിയപ്പോഴും പ്രായം അതിക്രമിച്ചു. അപ്പോഴും സേവനമെന്ന ആഗ്രഹം അയാളുടെ ഹൃദയത്തില്‍ ബാക്കിയായി. അതോടെ ദുരന്തമുഖത്ത് രഞ്ജിത്ത് എന്ന ധീരനായ യുവാവ് പരിചിത മുഖമായി മാറി. രാജ്യത്തിന്റെ ഏത് കോണിലും പ്രകൃതി ദുരന്തങ്ങളില്‍ ഓടിയെത്തുന്ന മലയാളി. 2013 ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്‌ഫോടനം, 2018 ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019 ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020 ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവാന്‍ തുരങ്ക ദുരന്തം തുടങ്ങി ഒട്ടനവധി രക്ഷാപ്രവര്‍ത്തനങ്ങള്‍. ഒരു രൂപ പോലും പ്രതിഫലം പ്രതീക്ഷിക്കാതെ ആരുടേയും വിളിക്കായി കാത്തുനില്‍ക്കാതെ രഞ്ജിത്ത് ഇസ്രയേല്‍ തന്റെ സേവനം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. തന്റെ സ്വന്തം ചിലവിലാണ് രഞ്ജിത്ത് രക്ഷാപ്രവര്‍ത്തിനത്തിന് എത്തുന്നതും ഇതിനായുള്ള എക്യുപ്‌മെന്റ്‌സ് വാങ്ങിക്കൂട്ടുന്നതും. മികവാര്‍ന്ന സേവനത്തിന് അധികൃതര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ജീവിതത്തിലെ സമ്പാദ്യം.

33 വയസ്സുള്ള രഞ്ജിത്ത് തിരുവനന്തപുരം സ്വദേശിയാണ്. ചെറുപ്പത്തില്‍ തന്നെ കായിക മേഖലയില്‍ താല്‍പര്യം കാണിച്ച രഞ്ജിത്ത് മൂന്നു തവണ ജൂനിയര്‍ മിസ്റ്റര്‍ തിരുവനന്തപുരം പദവി നേടിയിട്ടുണ്ട്. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജീവന്‍ രക്ഷാ സാങ്കേതിക വിദ്യകളില്‍ പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകില്‍ എസ്റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് രഞ്ജിത്ത് ഇസ്രയേല്‍ എന്ന അസാധാരണ മനസുള്ള വ്യക്തി. രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ള ആളുകളോട് കര്‍ണ്ണാടക പൊലീസ് തിരികെപ്പോകാന്‍ നിര്‍ദ്ദേശിച്ചപ്പോഴും ദുരന്തഭൂമിയില്‍ ഉറച്ച് നിന്ന് അര്‍ജുന്‍ എന്ന കോഴിക്കോട്ടുകാരന് വേണ്ടി ഒരു സഹോദരനെ പോലെ രഞ്ജിത്ത് ഓടിനടക്കുകയാണ്. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുമ്പോഴും വികാരങ്ങള്‍ അണപൊട്ടുമ്പോഴും രഞ്ജിത്ത് തന്റെ പോരാട്ടം തുടരുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള ലക്ഷ്യത്തിലേക്ക് എത്രയും പെട്ടെന്ന് രഞ്ജിത്ത് ഇസ്രയേലിന് എത്താനാവട്ടെയെന്നാണ് കേരളത്തിന്റെ പ്രാര്‍ത്ഥന.

 

 

 

 

 

 

Share this Article

Leave a Comment