കര്‍ണ്ണാടക: അര്ജുന് വേണ്ടി എട്ടാം ദിവസവും തിരച്ചില്‍ ആരംഭിച്ചു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മറ്റു രക്ഷാപ്രവര്ത്തകരേയോ മാധ്യമപ്രവര്‍ത്തകരേയോ പോലീസ് സമ്മതിക്കുന്നില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്നാണ് എസ്പി പറഞ്ഞത്. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്.
ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അര്‍ജുന്റെ ബന്ധുക്കളെയും തടഞ്ഞു. അര്‍ജുന്റെ സഹോദരന് ജിതിനെ ഉള്‍പ്പടെയാണ് തടഞ്ഞത്. ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്ന് രഞ്ജിത് ഇസ്രയേലി പറഞ്ഞു. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്. തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കുന്നില്ല. ഹൈ ഡ്രില്ലിങ് മെഷിനറികള്‍ ലഭ്യമാക്കണം. അര്‍ജുനായുള്ള തെരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പോലീസ് തടസ്സപ്പെടുത്തുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.