ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക്. ഗംഗാവലി പുഴയുടെ അടിത്തട്ടിലെ ലോഹ വസ്തുവിന്റെ സിഗ്നല്‍ കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചില്‍. എലീന എന്ന സാറ്റ്ലൈറ്റ് ബെയ്സ്ഡ് നാവിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ലോറി കണ്ടെത്താനുള്ള പുതിയ ശ്രമം.
ഇതും പരിശോധന ഫലം കണ്ടില്ലെങ്കില്‍ ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നാളെ നടത്തും. രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന 20 മീറ്റര്‍ ആഴത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപകരണമാണ് ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം. നാളെ ഉച്ചയോടെ ഈ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പങ്കുവെച്ചത്.
അങ്കോലയിലെ അപകട സ്ഥലത്തുണ്ടായിരുന്നത് 3 ടാങ്കറുകള്‍ എന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ബിപി സി എല്ലിന്റെ 2 ടാങ്കറുകളില്‍ ഇന്ധനമുണ്ടായിരുന്നില്ല. എച്ച്പിയുടെ ടാങ്കര്‍ നദിക്കുള്ളില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ഫോടനമുണ്ടായി എന്ന അഭ്യൂഹങ്ങളെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിയിട്ടുണ്ട്.