തിരുവനന്തപുരം: അഗോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിനെതിരെയും രക്ഷാപ്രവര്‍ത്തകനായ രഞ്ജിത്ത് ഇസ്രയേലിനെതിരെയുമുണ്ടായ സൈബര്‍ ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുന്റെ കുടുംബം നടത്തിയ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം നടക്കുന്നത്.
അര്‍ജുന്റെ അമ്മയും കുടുംബാഗങ്ങളും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ വലിയ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. അതോടൊപ്പം ആദ്യം മുതലേ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വ്യക്തിയാണ് രഞ്ജിത്ത് ഇസ്രയേല്‍. അദ്ദേഹത്തിനെതിരെയും അന്വേഷണം
ഗതി മാറ്റി വിട്ടെന്ന് ആരോപിച്ച് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം ഭാഗമായ വ്യക്തിയാണ് രഞ്ജിത്ത്. സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
രഞ്ജിത്ത് ഇസ്രയേലിനെതിരെയും അര്‍ജ്ജുന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുവാനും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഉത്തരവ്.