ആലപ്പുഴ: സിപിഎമ്മിനെതിരായ നിലപാടില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ സമുദായം അകലുന്ന സാഹചര്യത്തില്‍ എസ്എന്‍ഡിപിയില്‍ സിപി ഐഎം ഇടപെടലിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. എല്ലാ കാലത്തും കൂടെ നിന്ന ഈഴവ വോട്ടുകള്‍ കൈവിട്ടു പോയന്നെ സിപിഎമ്മിന്റെ തിരിച്ചറിവിലാണ് എസ്എന്‍ഡിപിയില്‍ ഇടപെടലിനൊരുങ്ങുന്നത്. ബൂത്ത് തലത്തില്‍ വരെയുള്ള കണക്ക് പരിശോധിച്ച സംസ്ഥാന കമ്മിറ്റിയാണ് ഈഴവ വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തിയത്. മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും പിണറായി ശൈലി മാറ്റേണ്ടന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. അഞ്ചുവര്‍ഷം ഭരിച്ച രീതിയില്‍ തന്നെ പോയാല്‍ മതിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എന്‍ഡിപിയില്‍ ഇടപെടാനുളള സിപിഐഎം തീരുമാനം യോഗവുമായുളള നേരിട്ടുളള യുദ്ധപ്രഖ്യാപനമാണ്. ഇത് രണ്ടാം തവണയാണ് സിപിഐഎം എസ്എന്‍ഡിപിക്ക് എതിരെ നേരിട്ട് പോരാട്ടത്തിനിറങ്ങുന്നത്. 2015ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഡിജെഎസ് രൂപീകരിച്ച് ഇറങ്ങിയപ്പോഴാണ് സിപിഐഎം എസ്എന്‍ഡിപിക്ക് എതിരെ നേരിട്ട് യുദ്ധത്തിനിറങ്ങിയത്. എസ്.എന്‍.ഡി.പിയില്‍നിന്ന് ബി.ജെ.പിയിലേക്ക് പോയ വോട്ട് തിരികെ കൊണ്ടുവരാന്‍ വേണ്ടി രാഷ്ട്രീയ ഇടപെടല്‍ നടത്താനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പാര്‍ട്ടി കേഡര്‍മാരായ ശാഖാ അംഘങ്ങളുടെ യോഗം വിളിക്കും. എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരെ അസംതൃപ്തിയുള്ളവരേയും യോഗത്തില്‍ സഹകരിപ്പിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വിയുടെ പരാജയ കാരണം പഠിച്ച് അതിന് സി.പി.എം പരിഹാരം കാണണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം കിറ്റുണ്ടായിരുന്നു. ഇപ്പോള്‍ ക്ഷേമ പെന്‍ഷനടക്കം കുടിശ്ശികയായി മാറി. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളില്ല. ഇതെല്ലാം പരാജയത്തിന് കാരണമായി. കൂടാതെ ന്യൂനപക്ഷ പ്രീണനവും തിരിച്ചടിയായി. അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് കാര്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. അതേസമയം, ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിന് വോട്ട് ചെയ്തതുമില്ല. മലബാര്‍ പ്രദേശത്ത് ഈഴവര്‍ സി.പി.എമ്മിന് വോട്ട് ചെയ്തിട്ടില്ല. കൂടാതെ കാന്തപുരം വിഭാഗത്തിന്റെ വോട്ട് പോലും കിട്ടിയില്ലെന്നാണ് പലരും പറയുന്നത്. താനൊരു മുസ്ലിം വിരോധിയല്ല. പക്ഷെ, അങ്ങനെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞാന്‍ സത്യമാണ് പറഞ്ഞത്. യു.ഡി.എഫും എല്‍.ഡി.എഫും ഒമ്പത് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. അതില്‍ ഏഴുപേര്‍ ന്യൂനപക്ഷവും രണ്ടുപേര്‍ ഭൂരിപക്ഷ അംഗങ്ങളുമാണ്. ഒരൊറ്റ പിന്നാക്കക്കാരനും അതിലില്ല. ഏഴില്‍ അഞ്ചും മുസ്‌ലിംകളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തെ എന്നും പിന്തുണച്ചവരാണ് ഈഴവ സമുദായം. പക്ഷെ, സി.പി.എം അവരെ പാടെ അവഗണിച്ചു. ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്. മുസ്‌ലിം സമുദായത്തില്‍നിന്നുള്ള ഭീഷണി കാരണം ക്രിസ്ത്യാനികള്‍ പേടിച്ചാണ് കഴിയുന്നത്. അവര്‍ക്ക് സംരക്ഷകരായി വരുന്നവരെ അവര്‍ പിന്തുണക്കും. ഇങ്ങനത്തെ സാമൂഹിക സത്യങ്ങള്‍ തുറന്നുപറയുമ്പോള്‍ എന്നെ വര്‍ഗീയ വാദിയാക്കരുത്. എനിക്ക് ഒരു പാര്‍ട്ടിയോടും വിരോധവും വിധേയത്വവുമില്ല. എസ്.എന്‍.ഡി.പിയെ കാവിയും ചുവപ്പും പച്ചയും പുതപ്പിക്കാന്‍ ശ്രമിക്കുന്നില്ല. മഞ്ഞ മാത്രമാണ് പുതപ്പിക്കുന്നത്. പിന്നാക്ക സമുദായത്തിന്റെ ഉന്നമനത്തിനായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്‍.ഡി.എ എന്നും എല്‍.ഡി.എഫിന്റെ ഐശ്വര്യമാണ്. ത്രികോണ മത്സരം വരുമ്പോള്‍ എല്‍.ഡി.എഫിനാണ് ഗുണകരമാകുന്നത്. അതിനാലാണ് അവര്‍ മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍, എസ്.എന്‍.ഡി.പി അംഗങ്ങളുടെ യോഗം സി.പി.എം വിളിച്ചുചേര്‍ക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. അങ്ങനെ ഒരു മണ്ടത്തരം സി.പി.എം കാണിക്കുമെന്ന് തോന്നുന്നില്ല. അതിന് ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും. എസ്.എന്‍.ഡി.പി ഇടതുപക്ഷത്തിന്റെ കയ്യിലാണ്. പിന്നെ എന്തിന് പിടിച്ചെടുക്കണമെന്നും വെള്ളാപ്പള്ളി ചോദിച്ചു.