കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 166 ആയി. മരിച്ചവരില്‍ 88 പേരെ തിരിച്ചറിഞ്ഞു. പലരുടേയും ശരീരഭാഗങ്ങള്‍ വേറിട്ട രീതിയിലാണ് ഉള്ളത്. ഉള്ളുലയ്ക്കുന്ന ഹൃദയഭേദകമായ രംഗമാണ് വയനാട് നിന്നും കാണാനാകുന്നത്. ചാലിയാര്‍ തീരത്ത് നിന്ന് ഇന്ന് 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മീന്‍മുട്ടിക്ക് സമീപം 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഓരോ വീട്ടിനുള്ളിലും രണ്ടും മൂന്നും പേര് കെട്ടിപിടിച്ച് മരിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ വരെ കണ്ണീരണിഞ്ഞാണ് മൃതദേഹങ്ങള്‍ എടുക്കുന്നത്. കേരളം കണ്ടതില്‍ വെച്ച് വലിയൊരു ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്.
മുണ്ടക്കൈയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മുണ്ടക്കൈ മഹല്ല് കമ്മിറ്റി സെക്രട്ടറി അലിയുടെ മൃതദേഹവും കണ്ടെടുത്തവയില്‍പ്പെടുന്നു. മുണ്ടക്കൈയില്‍ നിന്നുമാത്രം ഇതുവരെ 91 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 67 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാത്തവര്‍ക്കായി മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യല്‍ ഏറെ ദുഷ്കരമാണ്. ഇന്നലെ കാണാതായ മുണ്ടക്കൈ മദ്രസയിലെ ഉസ്താദ് ഫൈസിയെ കണ്ടെത്തി. മൃതദേഹം മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ചൂരല്‍മലയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
100 കോടിയലധികം രൂപയുടെ നാശനഷ്ടമാണ് ഉരുള്‍പൊട്ടലില്‍ ഉണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഇനി ഒന്നും ബാക്കിവെച്ചിട്ടില്ല. വീടുകള്‍, സ്കൂള്‍, മദ്രസ, കടകള്‍ തുടങ്ങി എല്ലാം ഒലിച്ചുപോയി. 540 ഓളം വീടുകളാണ് മുണ്ടക്കൈയില്‍ ഉണ്ടായിരുന്നത്. നിരവധി ആളുകള്‍ ജീവനറ്റ് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സമയത്ത് അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും സ്ഥലത്തുണ്ട്. കുടുങ്ങിക്കിടന്ന ഇരുന്നോറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേരാണ് കഴിയുന്നത്.