Newsperseconds.com

എട്ട് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് കഴുത്തറ്റം വെള്ളത്തില്‍; തലനാരിഴക്ക് രക്ഷപ്പെട്ട മൊയ്തുവിനും കുഞ്ഞിനും ഇത് രണ്ടാം ജന്മം; രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത് വേറിട്ട ശരീരഭാഗങ്ങള്‍; ഉള്ള് പൊട്ടി വയനാട്

Untitled 1

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ ബാക്കിയായവരുടെ മുഖത്ത് ഭീതി മാത്രമാണ് അവശേഷിക്കുന്നത്. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ് എല്ലാവരും. പിന്നീട് സംഭവിച്ചതെല്ലാം സ്വപനമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് വിശ്വസിച്ചെടുക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. മഴ എന്ന് കേള്‍ക്കുമ്പോള്‍ ജീവിതകാലം മുഴുവന്‍ വേട്ടയാടാന്‍ വയനാട്ടിലെ ഒരു പറ്റം മനുഷ്യര്‍ക്ക് ഈ ദുരന്തഓര്‍മ്മകള്‍ മാത്രമാണ് ബാക്കി. ഒരൊറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടത് ജീവിതത്തിലെ എല്ലാമാണ്. ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമെന്ന് ആരും ചിന്തിക്കുന്നില്ല. കാരണം പലരും അനാഥരാണ്. ഉറ്റവരും ഉടയവരുമില്ലാതെ ക്യാമ്പുകളിലും ആശുപത്രികളിലും ഇരുന്ന് കരയുന്നവരെ സമാധാനിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല. ചിന്നി ചിതറിയ ശരീരഭാഗങ്ങളാണ് പലയിടത്ത് നിന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത്. തിരിച്ചറിയാത്ത വിധം ഒറ്റ ദിവസം കൊണ്ട് മാറിയിരിക്കുന്നു. നിമിഷ നേരം കൊണ്ട് മണ്ണെടുത്ത് പോയത് പലരുടേയും സ്വപ്‌നങ്ങളാണ്. ചേതനയറ്റ ശരീരങ്ങള്‍ പുഴയിലൂടെ ഒഴുകിയെത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകരെ വരെ കണ്ണീരിലാഴ്ത്തുന്ന ദൃശ്യങ്ങളാണ്.

ദുരന്തമുഖത്തെ മുഖാമുഖം നേരിട്ട ഒ പി മൊയ്തുവിന്റെ വിറങ്ങലിക്കുന്ന വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. തലനാരിഴയ്ക്കാണ് മൊയ്തു രക്ഷപ്പെട്ടത്. ചൊവ്വാഴ്ച അതിരാവിലെ ഞെട്ടിയുണര്‍ന്ന മൊയ്തു കണ്ണു തുറക്കുമ്പോള്‍ കാണുന്നത് കഴുത്തറ്റം വെള്ളമാണ്. അപ്പോള്‍ മകള്‍ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്നു. വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും വീടു മുഴുവന്‍ വെള്ളത്തിലായി. പെട്ടെന്ന് റൂമിലെ കട്ടില്‍ വെള്ളത്തില്‍ മുകളിലേക്ക് ഉയരുകയും അതില്‍ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെടുകയുമായിരുന്നു. ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടില്‍ ഇല്ലായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയതില്‍ സമാധാനിക്കാന്‍ മൊയ്തുവിനാവില്ല. ചുറ്റിലും നടന്നതെല്ലാം പേടിപ്പെടുത്തുന്ന സംഭവങ്ങളാണ്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ക്കും കണ്ണടക്കാനാവുന്നില്ല. ഭീതി പടര്‍ത്തുന്ന ആ രാത്രി കണ്ണില്‍ നിന്ന് മായുന്നില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Share this Article

Leave a Comment