Newsperseconds.com

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീട്ടിനുള്ളിലെ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി; മരണസംഖ്യ 180 ആയി; 89 പേരെ തിരിച്ചറിഞ്ഞു

Capture

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 180 ആയി. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.106 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 90 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. വയനാട്ടില്‍ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളതെന്നാണ് കണക്കുകകള്‍.

കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത് പുറത്തെടുക്കാനാകാത്ത നിലയിലാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ദുരന്തഭൂമിയില്‍ അഞ്ച് തവണയാണ് ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ച രാത്രി 12.30ന് യിരുന്നു ആദ്യത്തെ ഉരുള്‍പൊട്ടല്‍. ഒരു മണിക്കൂറിനുള്ളില്‍ 1.25നും തുടര്‍ന്ന് പുലര്‍ച്ചെ 2.30നും ഉരുള്‍പൊട്ടുകയായിരുന്നു. ശേഷം രാവിലെ 7.46നും ഉച്ചയ്ക്ക് 2.30നും ആയിരുന്നു മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചുമാറ്റിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്.

ഇരുട്ടുകുത്തി, പോത്തുങ്കല്‍, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിറഞ്ഞൊഴുകുന്ന ചാലിയാറില്‍ മൃതദേഹങ്ങള്‍ കൂടാതെ പാര്‍പ്പിട അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകിയെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. ഇരുട്ടുകുത്തി ആദിവാസി കോളനിയിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിക്കുന്നു.

Share this Article

Leave a Comment