കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും. ഉരുള്‍പൊട്ടലില്‍ അതിജീവിച്ച എല്ലാവരേയും ക്യാമ്പിലെത്തി സുരേഷ്‌ഗോപി സന്ദര്‍ശിക്കും. ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മുണ്ടക്കൈയിലും ചൂരല്‍മലയിലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി നേരത്തെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരുന്നു.
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും. ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.